ആശൂറ
ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താമത്തെ ദിവസത്തെ ആശൂറ എന്നുവിളിക്കുന്നു. ലോകമെമ്പാടുമുള്ള ശിയ മുസ്‌ലീങ്ങളുടെ പ്രധാന ആഘോഷമായ ആശൂറയും ഇതേ ദിവസമാണ്. ഈ ആഘോഷം, മുഹറം എന്ന പേരിലും അറിയപ്പെടുന്നു. മുഹറം ഒന്നു മുതൽ 10 വരെ ചിലപ്പോൾ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. എന്നാൽ സുന്നി മുസ്ലിംകൾ ശിയാക്കൾ പരിഗണിക്കുന്ന രീതിയിലല്ല ഈ ദിനത്തെ കാണുന്നത്. ഇസ്രായേലികളെ ഈജിപ്തിൽ നിന്ന് മോചിപ്പിച്ചതിനു അല്ലാഹുവിനോടുള്ള നന്ദിസൂചകമായി പ്രവാചകൻ മൂസ ഉപവാസമനുഷ്ഠിച്ചതായി അവർ വിശ്വസിക്കുന്നു. ഇതേ ദിവസം പ്രവാചകൻ മുഹമ്മദ് ഉപവാസമനുഷ്ഠിക്കുകയും അനുയായികളോട് അതു കല്പ്പിക്കുകയും ചെയ്തതായും സുന്നികൾ വിശ്വസിക്കുന്നു.
ആഘോഷത്തിന്റെ നിദാനങ്ങൾ
[തിരുത്തുക]ഹസ്രത്ത് ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ ദിനമാണ് മുഹറം. ഈജിപ്തിലെ ഫറോയ്ക്കെക്കെതിരെ ജൂതന്മാർ നേടിയ വിജയമാണ് ആഘോഷത്തിന് നിദാനം എന്നും പറയുന്നുണ്ട് . ഇസ്രയേൽ ജനതയെ ഈജിപ്‌തിലെ അടിമത്തത്തിൽ നിന്നും മൂസാ നബി മോചിപ്പിച്ച് കൊണ്ടുവരികയും ,അവരെ പിന്തുടർന്ന ഫറോവയും പടയാളികളും ചെങ്കടലിൽ മുങ്ങി മരിക്കുകയും ചെയ്‌ത ദിവസമായും മുഹറത്തെ കാണുന്നവരുണ്ട്.
ആചാരങ്ങൾ
[തിരുത്തുക]മുസ്ലിങ്ങളിലെ ഒരു ചെറിയ വിഭാഗമായ ശിയാക്കൾ ഈ ദിനത്തിൽ ദുഃഖസ്മരണയിൽ സ്വയം പീഡനം നടത്തും. മുഹറം ഒമ്പതിനും പത്തിനും ഉപവസിക്കാൻ മുഹമ്മദ് നബി കൽപിച്ചിട്ടുണ്ട് . മുസ്ലീംങ്ങൾ ഈ ദിവസം ഉപവാസമനുഷ്ഠിക്കുന്നു. ജൂതന്മാരും ഉപവാസം അനുഷ്ടിക്കാറുണ്ട്.മുഹറം വ്രതാനുഷ്ഠാനം പാപങ്ങൾക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം. ചില മുസ്ലീങ്ങൾ മുഹറത്തിന് മതസമ്മേളനം നടത്തുകയും കർബലയിലെ സംഭവങ്ങളെ പുനർവിചാരം നടത്തുകയും ചെയ്യുന്നു.
ആശുറാഅ് ദിനത്തിൽ കുടുംബത്തിന് വേണ്ടി കൂടുതൽ ചെയ്യുക എന്നാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ഉപദേശം.മുഹറത്തിന്റെ ആദ്യ നാളുകളിൽ നാടെങ്ങും തണ്ണീർ പന്തലുകൾ ഒരുക്കാറുണ്ട്. എല്ലാവർക്കും സൗജന്യമായി വെള്ളവും പഴച്ചാറുകളും നൽകുകുന്നു. ഷിയാ മുസ്ലീങ്ങൾ മുഹറം ഒന്നു മുതൽ കറുത്ത വസ്ത്രം ധരിച്ചു തുടങ്ങും. മജ്‌ലിസുകൾ നടത്തും.
മുഹറം ദിനത്തിന്റെ മറ്റ് പ്രത്യേകതകൾ
[തിരുത്തുക]മുസ്ലിംകൾക്ക് യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം. മുഹറം 10 ഈദ് ആയി കണക്കാക്കുന്നവരുണ്ട്. മുഹറം നാളിലാണ് - മുഹറം പത്തിന് ആണ് - ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് എന്നൊരു വിശ്വാസമുണ്ട്. ദൈവം ഭൂമിയും സ്വർഗ്ഗവും ഉണ്ടാക്കിയതും ഇതേ നാളിലാണെന്നും വിശ്വസിക്കപ്പെടുന്നു. നോഹയുടെ പെട്ടകം ജൂഡി കൊടുമുടിയിൽ എത്തിയതും ഹസ്രത്ത് ഇബ്രാഹിം തീയിൽ നിന്ന് രക്ഷപ്പെട്ടതും, ഫറോവയുടെ പിടിയിൽ നിന്ന് ഹസ്രത്ത് മൂസ രക്ഷപ്പെട്ടതും മുഹറത്തിനായിരുന്നു എന്നാണ് മറ്റു വിശ്വാസങ്ങൾ. ഉമയ്യദ് ഭരണാധികാരിയായിരുന്ന യസീദ് ഒന്നാമന് അനുസരണ പ്രതിജ്ഞ നിരസിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ ബിൻ അലി കർബലയിൽ യസീദുമായി ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു.